Designer Gents Boutique
Sunday, 17 July 2011
Monday, 27 June 2011
നാട് - എന്‍റെ സ്വന്തം നാട് – കക്കാട്ടിരി
നാട് - എന്‍റെ സ്വന്തം നാട് – കക്കാട്ടിരി
“ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും നാം സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും ഹൃദയത്തിന്‍റെ ഒരു കോണില്‍ ഒരു പൊട്ടു പോലെയെങ്കിലും നമ്മെ ഓര്‍ത്തു വെക്കുമെന്ന സത്യം നാമറിയാതെ പോയി”.
ഇതാണ് എന്‍റെ നാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വരുന്ന വരികള്‍. ആത്മാവുള്ള മനുഷ്യരെ മാത്രമല്ല നാം സ്നേഹിക്കുന്നത്, അത്മാവില്ലാത്ത മരങ്ങളെയും കുന്നുകളെയും പാടങ്ങളെയും താഴ്വരകളെയും അരുവികളെയും പുഴകളെയും തോടുകളെയും പുല്‍മേടുകളെയും പൂക്കളെയും ചെടികളെയും എന്തിന് പ്രകൃതിയില്‍ നമുക്കാസ്വാദ്യമായ എന്തിനെയും നാം അതിരറ്റ് സ്നേഹിക്കുന്നു. നാടെന്നും നമുക്ക് ഗൃഹാതുരത്വമുണര്ത്തുന്ന ഒരോര്‍മ്മയാണ്. നമ്മെ കൈക്കുമ്പിളില്‍ കൊണ്ട് നടന്ന് നമ്മെ നാമാക്കിയ നമ്മുടെ നാടും വീടും നമുക്ക് മറക്കാനാവില്ല.
കുന്നും മലയും താഴ്വരയും കാടും മേടും വയലും തോടും തോട്ടങ്ങളും അമ്പലങ്ങളും മസ്ജിദുകളും എല്ലാം സമ്മേളിക്കുന്ന പ്രകൃതിരമണീയമായ ഒരിടമാണ് എന്‍റെ സ്വന്തം നാട്. പട്ടാമ്പിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലലെ തൃത്താലയുടെയും ആലൂരിന്‍റെയും കൂറ്റനാടിന്‍റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കക്കാട്ടിരി.
ഓര്‍മ്മകള്‍ പിന്നിലേക്കൊടുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്നും നാടിന്‍റെ നന്മ പോലെ നിറഞ്ഞു നില്‍ക്കുന്ന പ്രായം ചെന്ന വല്യാപ്പമാരെയും വല്ല്യുമ്മമാരെയും ആണ്. ഇവര്‍ നാടിന്‍റെ വഴിവിളക്കുകളാണ്. ഓരോ കുരുന്നിനും കഥകളും കവിതകളും ഗുണപാഠങ്ങളും പഴഞ്ചൊല്ലുകളും നര്‍മ്മങ്ങളും തേനില്‍ ചാലിച്ച് നല്‍കാന്‍ ഇവര്‍ തന്നെ വേണം.
കളിച്ചു വളര്‍ന്ന കറുകപ്പുല്‍ മൈതാനങ്ങള്‍, റബ്ബര്‍ എസ്റ്റേറ്റ്‌കള്‍, കുന്നിന്‍ ചെരിവുകള്‍, സ്കൂള്‍ ഗ്രൗണ്ടുകള്‍, നിറയെ മാവുകള്‍ നിറഞ്ഞ ആല്‍ത്തട്ട്, ഒരേ ഒരാല്‍ മാത്രം നില്‍ക്കുന്ന വട്ടത്താണിയുമെല്ലാം നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.
മഴക്കാലത്ത് ആമ്പല്‍ നിറഞ്ഞ കായല്‍പ്പാടം പുഴ പോലെ ഒഴുകും. വെള്ളം തോട്ടിലൂടെ ഒഴുകി എത്തിച്ചേരുന്നത് ഭാരതപ്പുഴയിലാണ്. ഈ കായല്‍പ്പാടത്ത് ചങ്ങാടമിറക്കലാണ് അന്നത്തെ പ്രധാന വിനോദം. മഴയും വെയിലും വകവെക്കാതെ, ഒരു തോര്‍ത്തുമുണ്ടും ചുറ്റി ഞങ്ങള്‍ പകലന്തിയോളം ചങ്ങാടത്തില്‍ ചുറ്റിയടിക്കും. പാടത്തിനു നടുവിലൂടെ ഒഴുകുന്ന തോടും മുറിച്ചു കടന്ന് അക്കരെതുരുത്തില്‍ തൊട്ട് തിരിച്ചു വരും. ഏക്കറോളം വരുന്ന ഈ തുരുത്ത് ഇന്ന് മേഴത്തൂര്‍ വൈദ്യമഠത്തിന്‍റെ മരുന്ന് തോട്ടമാണ്. എത്രയോ കാലമായി ആ തുരുത്തും കായല്പ്പാടവും അന്യമായിത്തീര്‍ന്നിട്ട്.......തിരിച്ചു വരുമ്പോള്‍ ആമ്പല്‍ പൂക്കള്‍ ചുണ്ടോടുപ്പിച്ചാണ് ഞങ്ങള്‍ വരുക. മഴത്തുള്ളികള്‍ വീണ സുഗന്ധമാണ് ആമ്പല്‍പ്പൂവിനെന്നു വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്കിഷടം.
ഇന്നിന്‍റെ തലമുറയെ കാണുമ്പോള്‍, ആ പഴയ കാലം ഓര്‍ത്തു പോവും. എവിടെയോ എന്തോ കൈമോശം വന്നെന്ന തോന്നല്‍. ഒരു വിങ്ങലോടെ, ഹൃദയത്തില്‍ നേര്‍ത്ത നൊമ്പരങ്ങളോടെ, കണ്ണുകളില്‍ ഈറനോടെ നാം ഓര്‍ത്തെടുക്കുന്ന ചിലതുണ്ട്; കൂടെ കളിച്ചു നടന്ന ബാല്യകാല സഖി, ആരോരുമറിയാതെ നാം ഹൃദയത്തില്‍ കൊണ്ട് നടന്ന പ്രണയിനി, പെരുത്തിഷ്ടമായിട്ടും ഇഷ്ടമെന്നൊരു വാക്ക് പോലും പറയാതെ എങ്ങോ മറഞ്ഞു പോയ ഇഷ്ടക്കാരി....അങ്ങനെയങ്ങനെ.....
പൂരവും നേര്‍ച്ചയും മാറി ദേശോല്സവമായി മാറിയ നാടിന്‍റെ വാര്‍ഷികോത്സവം പലര്‍ക്കും ഹരമാണ്. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍, ഇക്കാക്കയുടെ കൂടെ തൃത്താല നേര്‍ച്ച കാണാന്‍ പോയ ഓര്‍മ്മയുണ്ട്. കുട്ടിക്കാലത്തെ കൌതുകങ്ങളായിരുന്നു ആനയും വാദ്യമേളങ്ങളും ഘോഷയാത്രയും പിന്നെ കച്ചവടക്കാര്‍ നിരത്തുന്ന മുറുക്ക്, അലുവ, ജിലേബി, പൊരി, ആറാം നമ്പര്‍, എന്ന് തുടങ്ങി കൈ കൊണ്ട് തട്ടുന്ന ഉരുളന്‍ ബലൂണും, വാളന്‍ പുളി പോലത്തെ നീളന്‍ ബലൂണും, കറങ്ങുന്ന പമ്പരവും, കളിത്തോക്കും, കളിപ്പാവയും എല്ലാം. ഇതെല്ലാം കിട്ടണമെങ്കില്‍ ഉത്സവം തന്നെ വരണം. കടകളില്‍ കിട്ടുമായിരുന്നെങ്കിലും കുട്ടികളായ ഞങ്ങളെ പറഞ്ഞു പറ്റിച്ചിരുന്നത് അടുത്ത പൂരത്തിന് വാങ്ങിത്തരാം അല്ലെങ്കില്‍ അടുത്ത നേര്‍ച്ചക്ക് വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞാണ്. ഞങ്ങളുടെ ധാരണ അത് ഉല്‍സവത്തിന് മുമ്പ് ഉണ്ടാക്കിയാലേ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു. പട്ടണം കാണാത്ത കൊച്ചു കുട്ടിക്ക് ഇങ്ങനെയൊക്കെയല്ലേ ചിന്തിക്കാനാവൂ.
പട്ടാമ്പി പാലത്തിലൂടെ നന്നേ ചെറുപ്പത്തില്‍ ഒരു കല്യാണത്തിനു പോയതായി ഓര്‍ക്കുന്നുണ്ട്. അന്ന് കോരിച്ചൊരിയുന്ന മഴയത്ത് ബസ്സിന്റെ മൂടിയിട്ടിരുന്ന കര്‍ട്ടന്‍ മാറ്റിയപ്പോള്‍ കണ്ടത് നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയാണ്. വെള്ളം കവിഞ്ഞ് പാലത്തിനൊപ്പം നില്‍ക്കുന്ന കാഴ്ച എല്ലാവരെയും കാണിക്കാന്‍ വേണ്ടിയാണ് ആരോ കര്‍ട്ടന്‍ ഉയര്‍ത്തിയത്. ചെറുപ്പത്തില്‍, പുഴ ഒരു കൌതുകമായിരുന്നു. തൃത്താല പുഴയോരത്ത് പോയി മണിക്കൂറുകളോളം മണലില്‍ കുത്തിയിരിക്കും. അങ്ങകലെ നിന്നും ട്രെയിന്‍ പോകുന്നത് കാണാം. കൂകിപ്പായും ചേരട്ടയെന്നു കടങ്കഥ പോലെ പറഞ്ഞു നടന്നിരുന്ന ട്രെയിന് മറ്റൊരു വിസ്മയമായിരുന്നു. പുഴയോരത്ത് നിന്നും എണീറ്റ് പോകുമ്പോള്‍ മണലില്‍ പണിത സ്വപ്നഭവനം ചവിട്ടിമെതിച്ചിട്ടെ പോവുകയുള്ളൂ...............
************************************************************************************************
ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഒരു ബ്രിട്ടിഷുകാരന്‍ സായിപ്പ് ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു (തല്ക്കാലം ഇവിടെ മലയാളത്തില്‍ എഴുതുന്നു. ഇതിന്‍റെ കമന്റില്‍ ആരും ഡാ മണ്ടന്‍ നാസരെ സായിപ്പ് മലയാളം പറയുമോ എന്നൊന്നും ചോദിക്കാതിരുന്നാല്‍ മതി.)
“നാസറിന് കുവൈത്ത് പൌരത്വം തന്നാല്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാന്‍ തയാറാവുമോ?(വല്ലവന്‍റെയും വാരിക്കൊരിത്തരാന്‍ സായിപ്പ് പണ്ടേ കേമനാണല്ലോ)
ഞാന്‍ നിസ്സംശയം പറഞ്ഞു : ഇല്ല
സായിപ്പ് : “ഇവിടെ നിന്ന് നല്ലൊരു പെണ്ണിനെയും കല്യാണം കഴിച്ചു തരാം”
വീണ്ടും എന്‍റെ മറുപടി ‘ഉപേക്ഷിക്കില്ല’ എന്ന് തന്നെയായിരുന്നു. (പെണ്ണെന്ന് പറഞ്ഞത് നിങ്ങടെ അയല്‍ക്കൂട്ടത്തില്‍ നെരങ്ങുന്ന പെണ്ണല്ല എന്ന് സായിപ്പ് പറഞ്ഞോ എന്തോ എനിക്കോര്‍മ്മയില്ല).
സായിപ്പ് വീണ്ടും: “നാസര്‍, നിനക്കിഷ്ടം പോലെ പണവും തരാം. പൌരത്വം ക്യാന്‍സല്‍ ചെയ്തു കൂടെ? (ഞാന്‍ ഇന്ത്യക്കാരനായതിലും അയാള്‍ക്ക് ഇന്ത്യക്കാരനാവാന്‍ കഴിയാത്തതിലും ഉള്ള അസൂയ കൊണ്ടാണ് ഈ ചോദ്യമെന്ന് എനിക്കപ്പോള്‍ തോന്നി).
വേണ്ട സായിപ്പേ എനിക്ക് നിങ്ങള്‍ കോടികള്‍ തന്നാലും എന്‍റെ പൌരത്വം ഞാന്‍ ക്യാന്‍സല്‍ ചെയ്യില്ല.
അപ്പോള്‍ സായിപ്പിന് അതിന്‍റെ കാരണം അറിയണം.
ഞാന്‍ കൂസലില്ലാതെ പറഞ്ഞു. ഒരു പക്ഷെ നിങ്ങള്‍ക്ക് ഇന്ത്യ ഒരു ദരിദ്ര രാജ്യമായിരിക്കാം. ഞാന്‍ അതിനെ എതിര്‍ക്കുന്നില്ല. ഇന്ത്യയില്‍ പട്ടിണിപ്പാവങ്ങളുണ്ട്, വേശ്യകളുണ്ട്- എന്നിട്ടും ബലാല്‍സംഗവും പെണ്‍വാണിഭവും ഉണ്ട്, (സപ്ലൈയും ഡിമാന്‍ഡും ആനുപാതികമായി വരാത്തത് കൊണ്ടായിരിക്കാം എന്ന് സായിപ്പ്) കള്ളമ്മാരും കൊള്ളക്കാരും പോക്കറ്റടിക്കാരും നരേന്ദ്രമോഡികളും ഉണ്ട്. തൊഴിലില്ലായ്മയുണ്ട്, അഴിമതിയുണ്ട്, ( ഇതെല്ലാം എന്നെ രോമാഞ്ചം കൊള്ളിക്കുന്നു എന്ന് കാട് കയറി ചിന്തിക്കല്ലേ, ഞാന്‍ ഒന്ന് മുഴുമിച്ചോട്ടെ) എന്നതെല്ലാം ഞാന്‍ സമ്മതിച്ചു തരാം. അത് കൊണ്ട് ഇന്ത്യ സ്വര്‍ഗമാണെന്ന അവകാശ വാദമൊന്നും എനിക്കില്ല. ആ സര്ടിഫികറ്റും നിങ്ങള്‍ തരണ്ട. പക്ഷെ, കേരളം, അത് സ്വര്‍ഗമാണെന്ന് നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ശരി ഞാന്‍ അതെവിടെയും പറയും. അത് കൊണ്ടാണ് നിങ്ങള്‍ സായിപ്പ് തന്നെ കൊച്ചു കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിച്ചത്. ആ നാട് വിടാന്‍ എനിക്ക് പറ്റില്ല. അവിടെ ജീവിക്കുന്നതിനേക്കാള്‍, അവിടേക്ക് മടങ്ങുന്നതിനേക്കാള്‍ വലിയൊരു സന്തോഷമോ സുഖമോ നിങ്ങള്‍ തരുന്ന പണത്തിനു തരാന്‍ കഴിയില്ല.
ഈ കേരളത്തിലെ ഒരു കോണിലാണ് എന്‍റെ നാട്. ഒരു പക്ഷെ, നമ്മുടെ നാട് നമുക്ക് പ്രിയങ്കരമാവുന്നത് നാം അവിടെ ജനിച്ചു വളര്‍ന്നു എന്ന കാരണം കൊണ്ട് മാത്രമായിരിക്കാം. ആ ഓര്‍മ്മകള്‍ മാത്രമായിരിക്കാം നമ്മെ നമ്മുടെ നാടുമായി ബന്ധിപ്പിക്കുന്ന ഒരദൃശ്യ കണ്ണി. നമ്മുടെ നാട് നമുക്ക് പ്രിയങ്കരമാവുന്നത് പോലെ മറ്റുള്ളവര്‍ക്ക് പ്രിയങ്കരമാവണമെന്നില്ല. ഇവിടെ വരുന്ന അന്യ നാട്ടുകാര്‍ക്ക് ഒരല്‍പ നേരത്തെ വിസ്മയക്കാഴ്ചകള്‍ നല്‍കാന്‍ മാത്രമേ ഈ നാടിന്‍റെ സൌന്ദര്യം കൊണ്ടാവൂ. അതിലപ്പുറം ഒരാളെ എവിടെയെങ്കിലും തളച്ചിടാന്‍ ഈ നാടിനെന്നല്ല ഒരു നാടിനും കഴിയില്ല. കാരണം, അതിന്‍റെ പിന്നിലും ഗൃഹാതുരത്വം(homesickness) തന്നെയാണ്.
Thursday, 2 June 2011
Tuesday, 24 May 2011
Subscribe to:
Posts (Atom)